
കഞ്ഞിത്തരം മുക്കിയ ഖദര്‍മണം!
എട്ടുവരിപ്പാതവീതിയില്‍ നിറയുന്ന
വങ്കന്‍ച്ചരല്‍ച്ചിരി മണം!
രക്തസാക്ഷികള്‍ക്കു മുന്‍കൂറായ് ഒരുക്കിവച്ചിരിക്കുന്ന
അമ്മത്തൊട്ടിലുകളുടെ മൂത്രം കലര്‍ന്ന മുശിട്!
നോക്കെത്താപ്പാടങ്ങള്‍ വികസനത്തിന്റെ
മണ്ണിട്ടുനികത്തിയപ്പോള്‍
ശ്വാസംമുട്ടി മരിച്ചുപോയ പച്ചത്തവളകളുടെ
അഴുകിപ്പോയ തുടകളുടെ മണം!
തൊലി കളഞ്ഞ പെണ്ണിറച്ചിക്കുമേല്‍ ഉപ്പും മുളകും വിതറി
വഴിവാണിഭത്തിനു വച്ചിരിക്കുന്ന തട്ടുകടകളിലെ
പച്ചമാവിന്റെ പുളിച്ചമണം!
ഒറ്റിനും ഒലത്തലുകള്‍ക്കും ഒത്തനടുക്കുനിന്നു
വിയര്‍ത്തുനാറിയ മാധ്യസ്ഥമണം!
വെടിപ്പുക വമിക്കുന്ന നെഞ്ചിന്റെ ചൂടില്‍
പാതിവെന്തുപോയ ഒറ്റമേല്‍മുണ്ടിന്റെ മണം
ഏതു വൃദ്ധസദനത്തിലാണുണ്ടാവുക?
No comments:
Post a Comment