Wednesday, December 7, 2011

ബുദ്ധന്‍ -വേര്‍ഷന്‍ 2.011



ഇന്നു ബുദ്ധജയന്തി-
വഴിവക്കിലെ പുളിങ്കുറ്റികളില്‍ പാതിയടഞ്ഞ കണ്ണുകളുള്ള
ആട്ടിന്‍തലകളില്‍ ബുദ്ധനിരുന്നു ചിരിക്കുന്നു!

പല്ലുകള്‍ക്കിടയില്‍ പാതിചവച്ച പ്ലാവിലത്തൊപ്പികള്‍!

പുലര്‍ച്ചെ പുല്ലിന്‍തലപ്പുകള്‍ക്കുമേലേ കണ്ട
മഞ്ഞിന്‍തുള്ളിത്തിളക്കം ആവിയായിപ്പോയിരിക്കുന്നു!

കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍തലപ്പുകള്‍ക്കുമേലേ
ചത്തചുവപ്പിന്റെ ഒട്ടുന്ന തുള്ളികള്‍!

വെട്ടിക്കളഞ്ഞ കുളമ്പുകൂനകള്‍ക്കിടയില്‍
പതവീണു മരവിച്ചുപോയ ഊശാന്‍താടികള്‍ക്കിടയില്‍
കുതറിത്തെറിപ്പിച്ച ആട്ടിന്‍കാട്ടങ്ങള്‍ക്കിടയില്‍
ബോധിവൃക്ഷത്തണല്‍ത്തുണ്ടുതേടി
ബോധമില്ലാതലയുന്നു ബുദ്ധന്‍ !

അരുളുള്ളവനാണു ജീവി




അവനിവാഴ്വിൻ  തലപ്പത്തിരിപ്പവൻ
അധിനിവേശം മഹാമന്ത്രമാക്കിയോൻ
അലിവിന്നാധാരമില്ലെങ്കിലെങ്ങനെ
മനുജനായ്ക്കാലമോർക്കുവതെപ്പൊഴും!

പിഴകളെണ്ണിത്തിരിക്കുവാനൊക്കൊലാ
ഹിതമതോടെയുമല്ലാതെയും ദിനം
ഹൃദയമൊന്നിൽ പിഴാബോധമേശിയാൽ
അതുവരേയ്ക്കുള്ള പാപമോ ശൂന്യമായ്!

വിടജപങ്ങൾ കലികാലകേളികൾ
ചകിതമാനസത്തേങ്ങലിന്നൊച്ചകൾ
അണു പിളർന്നും മഹാമാരി തൂകിയും
സഹജജീവിതം താറുമാറാക്കുവോർ!

ഹൃദയമുള്ളിൽ വിഷപ്പാമ്പൊളിച്ചവർ
പുണരുമെങ്കിലും കത്തിയാഴ്ത്തുന്നവർ
ഗുരുവചസ്സിന്റെ ഗംഗ തൊടാത്തവർ
വികടലോകം ഭരിച്ചു മുടിപ്പവർ!

ഇനിയുമേറെ വൈകീടൊല്ലേ കൂട്ടരേ
ഹൃദയജാലകം മെല്ലെത്തുറന്നിടൂ
തരളമാമെന്റെ ഗുരുദേവഗീതികൾ
അമൃതമായ് നിന്റെ ഹൃദയത്തിലൂറട്ടെ!

മധുകണമുണ്ടുറങ്ങാതെ വണ്ടേ നീ
മതിവരും വരെ പാടിനടക്കുക
മഹിതമാനസ ഗീതങ്ങളായെന്റെ
മനിതസ്നേഹിയാം ഗുരുവിന്‍ കരുണകൾ!

(2007 ജനുവരിയിൽ 74-)മതു ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്
വർക്കല    ശിവഗിരി  മഠത്തിൽ അഖില കേരളാടിസ്ഥാനത്തിൽ നടന്ന കവിതാരചനാമത്സരത്തിൽ സ്വർണ മെഡൽ നേടിയ രചന.)

കൃഷിമന്ത്രാലയങ്ങള്‍ മന്ത്രിക്കുന്നത്..




വിത്ത് അന്തകനാവുന്നത് ഇതാദ്യം!
സ്ഥിതിവിവരക്കണക്കുകളില്‍
എല്ല്ലാം ഭദ്രം-
മരിച്ചവരും മരിക്കാനിരിക്കുന്നവരും!
വിഷക്കൂണുകള്‍ ഇനി വീട്ടിലും വളര്‍ത്താം!

അടിവസ്ത്രത്തിനടിയിലും ഗാന്ധിത്തലകള്‍
തിരുകിക്കയറ്റി
രോഗബാധിതരുടെ കൂടെക്കിടന്നൊരു
സൂക്ഷ്മമായ കണക്കെടുപ്പ്!

പല്ലില്‍ കൊരുത്തിരിക്കുന്ന പച്ചയിറച്ചിത്തുണ്ടിന്
നിന്റെ കുഞ്ഞിന്റെ അമ്മിഞ്ഞപ്പാല്‍ മണമാണ്!

വീര്‍ത്തു വീര്‍ത്തുവരുന്ന തലയോടിനുള്ളില്‍
ബുദ്ധിഭ്രമത്തിന്റെ നാനോടെക്നോളജി!

കണ്ണുതുറന്നു കാണെടാ-
കണ്ണീരിന്റെ ഏഴടരുകള്‍ക്കുള്ളില്‍ക്കിടന്നു-
പുഴുക്കുത്തേറ്റു പിടക്കുന്ന
പ്രാണന്റെ പച്ചില!

Tuesday, December 6, 2011

ഗാന്ധിമണം




കഞ്ഞിത്തരം മുക്കിയ ഖദര്‍മണം!

എട്ടുവരിപ്പാതവീതിയില്‍ നിറയുന്ന
വങ്കന്‍ച്ചരല്‍ച്ചിരി മണം!

രക്തസാക്ഷികള്‍ക്കു മുന്‍കൂറായ് ഒരുക്കിവച്ചിരിക്കുന്ന
അമ്മത്തൊട്ടിലുകളുടെ മൂത്രം കലര്‍ന്ന മുശിട്!

നോക്കെത്താപ്പാടങ്ങള്‍ വികസനത്തിന്റെ
മണ്ണിട്ടുനികത്തിയപ്പോള്‍
ശ്വാസംമുട്ടി മരിച്ചുപോയ പച്ചത്തവളകളുടെ
അഴുകിപ്പോയ തുടകളുടെ മണം!

തൊലി കളഞ്ഞ പെണ്ണിറച്ചിക്കുമേല്‍ ഉപ്പും മുളകും വിതറി
വഴിവാണിഭത്തിനു വച്ചിരിക്കുന്ന തട്ടുകടകളിലെ
പച്ചമാവിന്റെ പുളിച്ചമണം!

ഒറ്റിനും ഒലത്തലുകള്‍ക്കും ഒത്തനടുക്കുനിന്നു
വിയര്‍ത്തുനാറിയ മാധ്യസ്ഥമണം!

വെടിപ്പുക വമിക്കുന്ന നെഞ്ചിന്റെ ചൂടില്‍
പാതിവെന്തുപോയ ഒറ്റമേല്‍മുണ്ടിന്റെ മണം
ഏതു വൃദ്ധസദനത്തിലാണുണ്ടാവുക?